തിരുവല്ല ∙ സമാധാനകാംക്ഷികളും രാജ്യസ്നേഹികളും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവരുമായ ക്രൈസ്തവരെ വേട്ടയാടിയും ഭയപ്പെടുത്തിയും നിശബ്ദരാക്കുന്ന സമകാലിക പ്രവണത നാടിന്റെ പ്രയാണത്തിന് തടസ്സം സൃഷ്ടിക്കുമെന്നും ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകുന്ന വിശ്വാസ സ്വാതന്ത്ര്യം ആർക്കും കവർന്നെടുക്കാനാവില്ലെന്നും ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത.
മാർത്തോമ്മാ സഭ വാർഷിക പ്രതിനിധി മണ്ഡലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ നമ്മുടെ മാതൃരാജ്യമാണ്. ദേശീയ ഗാനം കേട്ടാൽ ആദരവോടെ നിൽക്കുകയും കണ്ണ് നിറഞ്ഞു പോവുകയും ചെയ്യുന്ന രാജ്യസ്നേഹികളായ ഉത്തമ പൗരന്മാരാണ് ഇവിടത്തെ വിശ്വാസ സമൂഹം. വോട്ടർ പട്ടികയിലെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരോട് തിരഞ്ഞെടുപ്പ് കമ്മിഷൻ എന്തിനാണ് അസഹിഷ്ണുത കാട്ടുന്നത്. സാങ്കേതികത്വത്തിന്റെ പേരിൽ അവകാശം നിഷേധിക്കലല്ല, തെറ്റു തിരുത്താൻ അവകാശം നൽകുകയാണ് വേണ്ടത്.